

നിങ്ങൾക്കു ചുറ്റുമുള്ള ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. അവർ തമ്മിൽ പല സമാനതകളും വ്യത്യാസങ്ങളും ഇല്ല? എന്തുകൊണ്ടാണ് ഇത്തരത്തിൽ സാമ്യവും വ്യത്യാസവും ഉണ്ടാകുന്നത്? കുട്ടികളിൽ കാണുന്ന മാതാപിതാക്കളുടെ ചില സ്വഭാവവിശേഷങ്ങൾ നിങ്ങൾ കണ്ടിട്ടില്ലേ? ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? മാതാപിതാക്കളുടെ സ്വഭാവ സവിശേഷതകൾ ചില ഘടകങ്ങളിലൂടെ സന്താനങ്ങളിലേക്കു വ്യാപരിക്കുന്നുവെന്ന് തെളിയിക്കാനാണ് ഗ്രിഗർ ജൊഹാൻ മെൻഡൽ ശ്രമിച്ചത്. മെൻഡൽ പറഞ്ഞ ഈ ഘടകങ്ങൾ എന്താണ്? അവ എവിടെ സ്ഥിതിചെയ്യുന്നു? ശാസ്ത്രലോകത്തെ ഏറെ കുഴക്കിയ ചോദ്യങ്ങളായിരുന്നു ഇത്. ഘടകങ്ങൾ എന്ന് മെൻഡൽ വിശേഷിപ്പിച്ച പാരമ്പര്യവാഹകർ ക്രോമസോമിലുള്ള ഡി. എൻ. എ. (ഡീഓക്സിബോ ന്യൂക്ലിക് ആസിഡ്) ആണെന്ന് പിന്നീട് കണ്ടെത്തി.
1953 ൽ ഡി. എൻ. എ. യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചത് ഫ്രാൻസിസ് ക്രിക്ക് & ജയിംസ് വട്സൺ എന്നീ ശാസ്ത്രജ്ഞരായിരുന്നു. ഈ മാതൃകപ്രകാരം ഡി.എൻ.എ. രണ്ട് ഇഴകൾ ചേർന്നതാണ്. പഞ്ചസാരയും ഫോസ്ഫേറ്റും ചേർന്നുള്ള രണ്ട് നേടിയ ഇഴകളാണുള്ളത്. ഡി.എൻ.എ. യിൽ കാണുന്ന പഞ്ചസാര തന്മാത്ര ഡീഓക്സി റൈബോസ് ആണ്. കൂടാതെ നൈട്രജൻ ബേസുകൾ ചേർന്നുള്ള പടികളും ഉണ്ട്. അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ എന്നിങ്ങനെ നാലുതരം നെട്രജൻ ബേസുകൾ ആണുള്ളത്. ഇവ സവിശേഷരീതിയിൽ ജോഡി ചേരുന്നു. അഡിനിൻ എന്ന ബേസ് തൈമിനുമായും ഗ്വാനിൻ എന്ന ബേസ് സൈറ്റോസിനുമായും മാത്രമേ ജോഡി ചേരുകയുള്ളൂ. ഒരു ഡീഓക്‌സി റൈബോസ് പഞ്ചസാര തന്മാത്രയും ഒരു ഫോസ്ഫേറ്റ് തന്മാത്രയും ഒരു നൈട്രജൻ ബേസും ചേർന്ന യൂണിറ്റിനെ ന്യൂക്ലിയോറ്റൈഡ് എന്നു വിളിക്കുന്നു. ഈ ന്യൂക്ലിയോറ്റൈഡിൻ്റെ ആവർത്തനമാണ് ഡി. എൻ. എ.